Saturday, September 27

ഒരു തീവ്രവാദിയുടെ ജനനം

കുറച്ചു കാലങ്ങള്‍ക്കു മുന്‍പിറങ്ങിയ മമ്മുട്ടിയുടെ ബ്ലാക്ക് എന്ന സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്”ഒരാണ്‍ ഗുണ്ടയ്ക്കു പെണ്‍ ഗുണ്ടയില്‍ ഉണ്ടായ പ്രത്യേക വര്‍ഗമൊന്നുമല്ല ഗുണ്ടകള്‍.സമൂഹമാണ് അവരെ ഉണ്ടാക്കുന്നതും വളര്‍ത്തുന്നതും”

ഏതാണ്ട് ഇതുപോലെ തന്നെയാണ് തീവ്രവാദിയുടെ കാര്യവും.സമൂഹത്തില്‍ നല്ലവനായി ജീവിക്കുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ തീവ്രവാദിയാകും എന്നു കരുതാന്‍ വയ്യ.ചിലര്‍ക്കുള്ള തെറ്റിധാരണയാണ് അമിതമായ ദൈവഭക്തിയാണ് തീവ്രവാദികളെ ഉണ്ടാക്കുന്നതെന്നു.ഇതിനെ അടിസ്ഥാനമാക്കി തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില വ്യക്തികള്‍ ഇതെല്ലാം മതം മൂലമാണെന്നും മതമെന്ന ആശയം ഇല്ലാതാകുന്നതില്‍ കൂടി മാത്രമേ ഇതില്‍ നിന്നും മോചനം ഉണ്ടാകുകയുള്ളൂ എന്നും വാദിക്കുന്നു.തികച്ചും അടിസ്ഥാനരഹിതമായ ഒരു കാര്യമാണിത്.

ഇസ്ലാമിക വിശ്വാസം പ്രകാരം ജീവനെടുക്കാനും കൊടുക്കാനും ഉള്ള അവകാശം ദൈവത്തിനു മാത്രമാകുന്നു.ചെയുന്ന ഒരോ പ്രവര്‍ത്തിക്കും അതു നന്മയായാലും തിന്മയായാലും അതിനു പരലോകത്തു പ്രതിഫലം ഉണ്ടാകും എന്നാണ് ഇസ്ലാമിക വിശ്വാസം.ഇസ്ലാം വിശ്വസ പ്രകാരം ആത്മഹത്യയും കൊലപാതകവും തെറ്റാണ്.ആത്മഹത്യയും കൊലപാതകവും ഒരുമിച്ചു ചെയുന്ന ചാവേറുകള്‍ എങ്ങനെ മതവിശ്വാസികളാവും?

വര്‍ഗീയതയും തീവ്രവാദവും ബന്ധപെട്ടു കിടക്കുന്ന അല്ലെങ്കില്‍ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു ഞാന്‍ കരുതുന്നു.സമൂഹത്തില്‍ വര്‍ഗീയത/വിഭാഗീയത രൂക്ഷമാവുമ്പോള്‍ തീവ്രവാദികള്‍ ജനിക്കുന്നു.

തീവ്രവാദം എന്നത് സമൂഹത്തിന്റെ കാന്‍സറാണ്.അതു പടര്‍ത്തു പന്തലിക്കാന്‍ അവസരം കൊടുക്കാതിരിക്കുകയാണ് മുഖ്യം.അസുഖത്തിന്റെ കാരണങ്ങള്‍ തേടാതെ അതു നശിപ്പിക്കാന്‍ നോക്കാതെ ,അസുഖം വരുമ്പോള്‍ മാത്രം ചികിത്സിച്ചിട്ടെന്തു കാര്യം?

ഒരു സാധാരണക്കാരനു ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയും എന്നു തോന്നുന്നില്ല.ഒരു തീവ്രവാദിക്ക് കൊല്ലാനും ചാവാനും ഒരു പോലെ മനസുണ്ടായിരിക്കണം.അവനു ബന്ധുക്കളോ സമൂഹമോ ഒന്നും ഒരു പ്രശ്നമാവുകയില്ല.
ഈ പോസ്റ്റ് എഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താ‍ല്‍ കൂടി ഒരു ചാവേറാകുവാന്‍ തയ്യാറാകുമോ
?ഞാന്‍ ഒരിക്കലും തയ്യാറല്ല.അതുതന്നെയാവും നിങ്ങളുടെ ഉത്തരവും.നമ്മുക്ക് നമ്മുടെ കുടുംബത്തെ മറന്നു ഒരിക്കലും അത്തരത്തില്‍ ചിന്തിക്കാന്‍ കഴിയില്ല.

പിന്നെന്തു കൊണ്ട് ലക്ഷങ്ങള്‍ വാഗ്താനം ചെയ്യപെടാതെ ഒരാള്‍ തീവ്രവാദിയാവുന്നു.സ്വന്തം കുടുംബത്തെ മറന്നു അയാള്‍ സ്വയം പൊട്ടി തെറിക്കുന്നു.മതത്തോടുള്ള അമിതമായ സ്നേഹം മൂലമാണ് അങ്ങനെ ചെയ്യുന്നതെന്നു നിങ്ങള്‍ കരുതുന്നുവോ?കുടുംബത്തെ മറന്നു വെറും പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ ഇസ്ലാമില്‍ പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്.അയല്‍വാസിയെ സ്നേഹിക്കാതെ സ്വന്തം കുടുംബത്തെ സ്വന്തം കടമകളെ മറന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രം ഒരാള്‍ വിശ്വസിയാവുകയില്ല.എന്നിട്ടും ഒരു ചാവേര്‍ കുടുംബത്തെ മറക്കുന്നു.

ചാവേറുകള്‍ക്കു ജീവിക്കാന്‍ ആഗ്രഹമുണ്ടാവില്ലേ?അവര്‍ക്കു അവരെ സ്നേഹിക്കുന്ന അവര്‍ സ്നേഹിക്കുന്നവര്‍ ഉണ്ടാകില്ലേ?സ്വയം പൊട്ടി ചിതറി നിരപരാധികളെ കൊല്ലുന്നതിലൂടെ അവര്‍ സമൂഹത്തോട് വിളിച്ചു പറയുന്നതെന്താണ്?സത്യത്തില്‍ ഒരു ചാവേര്‍ സ്വയം പൊട്ടി ചിതറുകയാണോ അതോ സമൂഹം അയാളെ ജീവിക്കാന്‍ അനുവാദിക്കാതെ അയാളെ കൊല്ലുകയാണോ?

ഭീകരവേട്ടയിലൂടെ ഭീകരരെ കൊല്ലുന്നതു കൊണ്ട് മാത്രം കാര്യമില്ല.അവര്‍ അങ്ങനെയാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്.അവരെ വളര്‍ത്തി കൊണ്ട് വരുന്ന സാഹച്യങ്ങള്‍ പൂര്‍ണ്ണമായും മാറാത്തിടത്തോളം കാലം തീവ്രവാദം തുടര്‍ന്നു കൊണ്ടേ ഇരിക്കും.

18 comments:

 1. ഡല്‍ഹിയില്‍ വീണ്ടും സ്ഫോടനം!!

  ഇതു വരെയുള്ള സകല സ്ഫോടങ്ങളുടേയും സൂത്രധാരന്‍ കൊല്ലെപെട്ട പോലീസിന്റെ വാദം സത്യമോ മിഥ്യയോ?

  എന്താണ് ഈ തീവ്ര വാദി ആക്രമണങ്ങളുടെ ലക്ഷ്യം?

  ReplyDelete
 2. വാസ്തവം, വാസ്തവം!!
  ഇങ്ങനെ വസ്തുനിഷ്ഠമായി ചിന്തിക്കുന്നവര്‍ ഇല്ലാത്തതാണ്‌ കുഴപ്പം. അപ്പോള്‍ പിന്നെ ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്‌, ഭീകരന്മാര്‍ അല്ലാത്തവരെ (അവരാണല്ലോ 'സാഹചര്യം' ഉണ്ടാക്കുന്നത്‌) പിടിച്ച്‌ ജയിലിലിടുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യാം.

  ReplyDelete
 3. പ്രിയ ബാബുരാജ്
  "അപ്പോള്‍ പിന്നെ ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്‌, ഭീകരന്മാര്‍ അല്ലാത്തവരെ (അവരാണല്ലോ 'സാഹചര്യം' ഉണ്ടാക്കുന്നത്‌) പിടിച്ച്‌ ജയിലിലിടുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യാം

  ഇത് തന്നെയല്ലെ ഭരണകൂടം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്?

  ഗുജറാത്തില്‍ ഗര്‍ഭസ്ത സ്ത്രീയുടെ വയറ് പിളര്‍ന്ന് കുഞ്ഞിനെ ശൂലത്തില്‍ പൊക്കിയ കാട്ടാള ഭീകരന്മാരും ഒറീസ്സയില്‍ കന്യാസ്ത്രീകളെ വൈദികന്റെ മുന്നിലിട്ട് അതിക്രൂരമായി ബലാല്‍ സംഘം ചെയ്ത കൊടുന്‍ ഭീകരന്മാരും തെളിവുണ്ടായിട്ടും ഇതിലെ വിലസി നടക്കുന്നു !!!

  ReplyDelete
 4. ഭീകരവേട്ടയിലൂടെ ഭീകരരെ കൊല്ലുന്നതു കൊണ്ട് മാത്രം കാര്യമില്ല.അവര്‍ അങ്ങനെയാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്.അവരെ വളര്‍ത്തി കൊണ്ട് വരുന്ന സാഹച്യങ്ങള്‍ പൂര്‍ണ്ണമായും മാറാത്തിടത്തോളം കാലം തീവ്രവാദം തുടര്‍ന്നു കൊണ്ടേ ഇരിക്കും.

  ReplyDelete
 5. ഗോധ്ര യില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അഹമ്മദബാദ്‌ തെരുവില്‍ പ്രദര്‍ശിപ്പിച്ച്‌ ഹിന്ദു വികാരം ആളിക്കത്തിച്ച മോഡി വര്‍ഗവും ഗുജറാത്തിലെ നിഷ്ടൂര കൊലപാതകങ്ങളുടെ വീഡിയോകളും ഫോട്ടൊകളും കേരളത്തിന്റെ വരെ മുക്കിലും മൂലയിലും പ്രദര്‍ശിപ്പിച്ച്‌ മുസ്ലിം വികാരം ആളിക്കത്തിച്ച വര്‍ഗങ്ങളും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അവരുടെ ലക്ഷ്യം എന്തെന്നും മനസ്സിലാക്കനുള്ള കോമണ്‍ സെന്‍സ്‌ പോലുമില്ലാത്തവരായിപ്പോയല്ലോ നമ്മള്‍

  ReplyDelete
 6. ഗുജറാത്തിലെ നിഷ്ടൂര കൊലപാതകങ്ങളുടെ വീഡിയോകളും ഫോട്ടൊകളും കേരളത്തിന്റെ വരെ മുക്കിലും മൂലയിലും പ്രദര്‍ശിപ്പിച്ച്‌ മുസ്ലിം വികാരം ആളിക്കത്തിച്ച വര്‍ഗങ്ങളും

  പ്രിയ പഥികന്
  കേരളത്തിൽ എവിടെയാണ് ,ഗുജറാത്തിൽ
  ഗോധ്രയുടെ പേരിൽ നടന്നത് പോലെ മുസ്ലീ വികാരം ആളിക്കത്തിയത് എന്ന് കൂടി അറിയിച്ച് തരാമോ ?

  ReplyDelete
 7. പ്രിയ ചിന്തകാ,
  താങ്കള്‍ പറഞ്ഞ രണ്ടു സംഭവത്തേയും, പരിവാരപ്രഭൃതികള്‍ കാണിച്ചു കൂട്ടിയ മറ്റനേകം സംഭവങ്ങളേയും ഞാന്‍ നിസ്സാരവല്‍ക്കരിക്കുന്നില്ല. പക്ഷെ കണ്ണുകള്‍ തുറന്നു വെയ്ക്കുന്നത്‌ ഒരു ദിശയില്‍ മാത്രമാക്കാനും എനിക്കാവില്ല.
  മതങ്ങള്‍ സ്നേഹവും സമാധാനവും പഠിപ്പിക്കുന്നത്രേ! ഏതു മതങ്ങളാണ്‌ എന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു. ഹിന്ദു മതത്തില്‍ ഏതു ദൈവമാണ്‌ സ്നേഹവും സമാധാനവും ഉത്ബോധിപ്പിക്കുന്നത്‌? നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ഒറ്റ ഒരു വാക്കിന്റെ ജാമ്യത്തിലാണ്‌ കൃസ്തുമതം ആ ജാഡ മുഴുവന്‍ വളര്‍ത്തുന്നത്‌. ക്രിസ്തു മതത്തിന്റെ പോളിസി അതായിരുന്നുവെങ്കില്‍ ഇന്‍ക്വിസിഷനും കുരിശുയുദ്ധങ്ങളും മറ്റനേകം കൂട്ടക്കൊലകളും ചരിത്രത്തിലുണ്ടാകുമായിരുന്നോ? ഖുറാന്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ ശ്രീ ജബ്ബാറിന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കാറുണ്ട്‌. അദ്ദേഹം ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തുമ്പോള്‍, വലിയ മത പണ്ഡിതന്മാര്‍ക്ക്‌ കൊഞ്ഞനം കുത്താനല്ലാതെ ഒന്നു പ്രതിരോധിക്കാന്‍ പോലുമാവുന്നില്ലല്ലോ?
  ലിഖിതങ്ങളില്‍ ഉണ്ടെന്നു പറഞ്ഞതു കൊണ്ടു മാത്രം മനുഷ്യര്‍ക്കെന്തു ഗുണം?
  തീവ്രവാദത്തിന്റെ കാര്യമെടുക്കാം. സാഹചര്യമാണ്‌ യാഥാര്‍ത്ഥപ്രശ്നമെങ്കില്‍ ഇന്‍ഡ്യയിലെ ദളിതുകളൊക്കെ എന്നേ തീവ്രവാദികളായി ബാക്കിയെല്ലാവരേയും ബോംബിട്ടു കൊന്നേനേ. ഒരു പ്രശ്നം സോര്‍ട്ടൗട്ട്‌ ചെയ്യുമ്പോള്‍ അതിലെ കാതലായ ഘടകത്തിനു നേരേ കണ്ണടച്ചാല്‍ അത്‌ ഒരിക്കലും പരിഹൃതമാവില്ല. ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരും, സെക്കുലര്‍ ബുദ്ധി(?)ജീവികളും അതാണ്‌ ചെയ്യുന്നത്‌. ഇന്നത്തെ തീവ്രവാദത്തിന്റെ പ്രധാന ഘടകം മതം തന്നെയാണ്‌. 'വിശുദ്ധ'ലിഖിതങ്ങളെ പിന്‍പറ്റി തന്നെയാണ്‌ നാടൊട്ടുക്ക്‌ ബോംബു വെയ്ക്കുന്നതും മനുഷ്യരെ കൊന്നൊടുക്കുന്നതും. മതം പഠിപ്പിക്കുന്നത്‌ അങ്ങിനെയല്ലെങ്കില്‍ എന്തുകൊണ്ടാണ്‌ മതപണ്ഡിതന്മാരും മതനേതാക്കാന്മാരും തീവ്രവാദികളോട്‌ പറയാത്തത്‌, 'നിങ്ങള്‍ ചെയ്യുന്നത്‌ ദൈവവചനത്തിന്‌ എതിരാണെന്ന്? ഓരോ സംഭവത്തിനും ശേഷം ഇന്ന മതം സ്നേഹവും സമാധാനവും പഠിപ്പിക്കുന്നു എന്ന് ഇരകളോട്‌ വിളിച്ചു കൂവാനല്ലാതെ, തീവ്രവാദികളോട്‌ 'നിങ്ങള്‍ ചെയ്യുന്നത്‌ മതവിരുദ്ധമാണ്‌, അതു പാടില്ല എന്നു പറയാന്‍ ഇവര്‍ മിനക്കെടാത്തതെന്താണ്‌?
  ഇതിനൊക്കെ മാറ്റം വരണമെങ്കില്‍, യാഥാര്‍ത്ഥ്യങ്ങളോട്‌ കണ്ണടയ്ക്കാതെ ഇശ്ഛാശക്തിയോടെ വേണ്ടപ്പെട്ടവര്‍ പ്രവര്‍ത്തിക്കണം. അന്ന് പട്ടാളത്തിനെ സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഇന്ദിരാഗാന്ധി മടിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നും പഞ്ചാബ്‌ ഒരു തീവ്രവാദ കേന്ദ്രമായി തുടര്‍ന്നേനേ!

  ReplyDelete
 8. പ്രിയ ബാബുരാജ്


  "കണ്ണുകള്‍ തുറന്നു വെയ്ക്കുന്നത്‌ ഒരു ദിശയില്‍ മാത്രമാക്കാനും എനിക്കാവില്ല"


  താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. അക്രമ പ്രവർത്തനങ്ങൾ എന്തിന്റെ പേരിലായാലും ന്യായീകരിക്കപേടാവതല്ല തന്നെ. സംശയമില്ല.
  അത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തിനെ കൂറിച്ചായാലും.

  മതങ്ങള്‍ സ്നേഹവും സമാധാനവും പഠിപ്പിക്കുന്നത്രേ! ഏതു മതങ്ങളാണ്‌ എന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു.

  മതങ്ങൾ രണ്ട് തരമുണ്ട് ഈശ്വര മതങ്ങളും നിരീശ്വരമതങ്ങളും.

  ഈശ്വരമതങ്ങൾ ഒരിക്കലും അവരുടെ വിശ്വാസം അങ്ങിനെ അനുശാസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആക്രമം പ്രവർത്തനം നടത്താറില്ല. മറിച്ച് രാഷ്ട്രീയ മായ ലഷ്യങ്ങൾ വേണ്ടി പൌരോഹിത്യം മത വികാരങ്ങളെ ചൂഷണം ചെയ്യാറുമുണ്ട്. അതിന്റെ പേരിൽ അക്രമം പ്രവർത്തങ്ങൾ നടക്കാമുണ്ട്. ഗുജറാത്തും ദില്ലിയും ഒറീസയുമെല്ലാമ്ം ഇതിനുദാഹരണങ്ങളാണ്. യഥാർത്തത്തിൽ ഇവരാരും തന്നെ മതത്തിന്റെ അന്തസത്ത ഉൾക്കൊണ്ടിട്ടില്ല. അതാണ് സത്യം.

  സ്റ്റാലിനും ഹിറ്റ്ലറും മുസോളിനിയും എല്ലാം മത വിശ്വാസികളായിരുന്നോ? ലോകമഹായുദ്ധങ്ങളും സാമ്രാജ്യത്ത അധിനിവേഷങ്ങളും മത വിശ്വാസത്തിന്റെ പേരിലായിരുന്നോ?

  അപ്പോൾ പിന്നെ എല്ലാത്തിനും കാരണം മതവിശ്വാസമാണെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിനു തുല്യമല്ലേ? കണ്ണുകൾ ഒരേ ദിശയിലേക്ക് തുറന്ന് പിടിക്കരുതെന്നാണ് എന്റ്യും അപേക്ഷ.

  യ്ഥാർഥ മതവിശ്വാസം ഉൾക്കോള്ളാത്തതാണ് സത്യത്തിൽ അക്രമ പ്രവർത്തനങ്ങൾ നടക്കുന്നതിന് പ്രധാനം കാരണം.

  സത്യത്തിൽ ഇതിനെല്ലാം ചരിത്രപരമായ പശ്ചാത്തലമുണ്ട്.
  കൊളോണിയലിസം ഇന്ത്യയിലേക്ക് കാലെടുത്തുവെക്കും മുമ്പ് ഇവിടെ ഒരു വർഗ്ഗീയ കലാപമുണ്ടായതായി കേട്ടിട്ടില്ല. തീവ്രവാദവും ഭീകരവാദവും എല്ലാം തന്നെ സത്യത്തിൽ കോളോണിയസത്തിന്റെയും സാമ്രാജ്യത്തിന്റെയും സംഭാവനകളല്ലേ? അടിസ്ഥാന കാരണങ്ങളെ ചികിത്സിക്കാതെ മതങ്ങളുടെ പേർക്ക് മാത്രം എല്ലാത്തിനും കുതിരകയറിയാൽ പ്രശ്നങ്ങൾ പരിഹാരമാവുമെന്ന് പറയുന്നത് വിഡ്ഡിത്തമല്ലേ?


  ഖുറാന്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ ശ്രീ ജബ്ബാറിന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കാറുണ്ട്‌. അദ്ദേഹം ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തുമ്പോള്‍, വലിയ മത പണ്ഡിതന്മാര്‍ക്ക്‌ കൊഞ്ഞനം കുത്താനല്ലാതെ ഒന്നു പ്രതിരോധിക്കാന്‍ പോലുമാവുന്നില്ലല്ലോ?


  ഏതൊരു കാര്യവും ഒന്നാമതായി പഠിക്കുന്നത് അതിന്റെ വിമർശകരിൽ നിന്നല്ലാതിരിക്കുന്നത് നല്ലതാണ്. ജബ്ബാറിന്റെ ബ്ലോഗുകളിൽ ആരോപണങ്ങൾ വളരെ ബാലിശങ്ങളും പലതും ഒരു മറുപടിക്ക് തന്നെ സ്കോപില്ലാത്തതുമാണ്.
  ലുങ്കിയുടുത്ത ദൈവം
  ലിംഗവും യോനിയും ദൈവത്തിനോ?

  ഒരു മാന്യമായ സംവാദത്തേക്കാളുപരി ആളുകളെ പ്രകോപിപ്പിച്ച് മുതലെടുക്കുന്ന ഒരു രീതിയാണ് ജബ്ബാറിന്റെത്.
  ദൈവ വിശ്വസിയല്ലാത്തവർക്ക് ദൈവിക ഗ്രന്ഥങ്ങളിലുള്ളത് എങ്ങിനെ ഉൾക്കൊള്ളാൻ സാധിക്കും? അവർ ആദ്യം ദൈവം ഉണ്ടോ ഇല്ലേ എന്നതിന് ഒരു തീരുമാനത്തിലെത്തിയിട്ട് പോരെ?
  ദൈവമില്ലെന്നവർ ധരിക്കുന്നെങ്കിൽ പിന്നെ ദൈവിക ഗ്രന്ഥങ്ങളെ വിമർശിക്കുന്നതിന്റെ യുക്തിയെന്ത്.?

  ReplyDelete
 9. ചിന്തകന്‌, ക്ഷമിക്കുക ഒരു തെറ്റുപറ്റിയതാണ്‌ ആളിക്കത്തിച്ചത്‌ എന്ന് തിരുത്തി ആളിക്കത്തിക്കാന്‍ ശ്രമിച്ച എന്നാക്കുന്നു.

  ......എല്ലാ കുറ്റവും ഏപ്പോഴും മറ്റുള്ളവര്‍ക്കാണല്ലോ? ഒരു വാക്കിലോ വാചകത്തിലോ പിടിച്ച്‌ പ്രശ്നമുണ്ടാക്കണ്ട താങ്കള്‍ ഉദ്ദെശിച്ച്‌ രീതിയില്‍ അല്ല ഞാന്‍ അതെഴുതിയത്‌
  പണ്ട്‌ ഫൂട്ബോള്‍ കളിക്കുമ്പോല്‍ ഒരു കൂട്ടുകാരന്‍ വിളിച്ച്‌ പറയും "അവാടക്കൊടുക്ക്‌... മുന്നില്‍ കൊടുക്ക്‌ .... അലവിക്ക്‌ കൊടുക്ക്‌... മുരളിക്ക്‌ പാസ്സ്‌ ചെയ്യ്‌ .... ഇങ്ങോട്ട്‌ തട്ടല്ലേ ഇങ്ങൊട്ട്‌ തട്ടല്ലേ..."

  ReplyDelete
 10. പ്രസക്തമായ ലേഖനം.
  താങ്കളുടെ ഈ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ.

  ReplyDelete
 11. പ്രിയ പഥികന്‍

  എന്നാല്‍‍ പിന്നെ താങ്കള്‍ പറഞ്ഞത് പോലെ ആളിക്കത്തിക്കാന്‍ ശ്രമിച്ചിട്ട് എന്തേ ആളികത്തിയില്ല. ചില നിഷ്പക്ഷര്‍ എപ്പോഴും ഇങ്ങനെയാ. അവര്‍ തൂക്കമൊപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ അക്രമികള്‍ക്ക് ന്യായീകരണം നല്‍കാന് മാത്രമേ ഇത്തരം പ്രയോഗങ്ങള്‍ ഉപകരിക്കൂ എന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

  ReplyDelete
 12. മതം ഒരു മനോരോഗമായി പാ‍ടരുമ്പോള്‍ ഇതൊക്കെ സംഭവിക്കും.
  മനുഷ്യരാകാന്‍ നോക്കു ചങ്ങാതിമാരെ !!!

  ReplyDelete
 13. പ്രിയ ചിന്തകന്‍ സുഹൃത്തേ,
  താങ്കളുടെ ചിന്തകളുടെ തലം മനസ്സിലായി.
  അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നുത്തരം.
  വീണ്ടും ഒന്നുകൂടി ചോദിച്ചാല്‍, തെറി തന്തക്കുവിളി.
  ശ്രീ ജബ്ബാറിന്റെ മനക്കട്ടിയും തൊലിക്കട്ടിയും എനിക്കില്ലാത്തതിനാല്‍ സുല്ല്!
  ചിന്തകള്‍ തുടരട്ടേ.

  ReplyDelete
 14. ബാബുരാജ്.

  ഞാന്‍ നല്ല എഴുത്തുകാരന്‍ ഒന്നുമല്ല,പക്ഷെ ഞാന്‍ ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ച കാര്യം താങ്കള്‍ക്കു വ്യക്തമായിട്ടില്ലെങ്കില്‍ അതു എന്റെ കുഴപ്പമല്ല!

  അടിച്ചമര്‍ത്തപെട്ടവരില്‍ നിന്നാണ് തീവ്രവാദം ഉണ്ടാകുന്നത് ഞാന്‍ വിശ്വസിക്കുന്നു.എന്നാല്‍ ഇന്നു തീവ്രവാദമെന്ന പേരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ ആ പരിതിയില്‍ ഉള്‍പെടുത്താന്‍ സാധിക്കില്ല.അടിച്ചമര്‍ത്തപെട്ട സമൂഹത്തില്‍ നിന്നുണ്ടാകുന്ന തീവ്രവാദികള്‍ അവരുടെ സമൂഹത്തിനു വേണ്ടി സ്വയം പൊട്ടിചിതറുമ്പോള്‍ ഇവിടെ ഇന്ത്യയില്‍ നടക്കുന്ന ‘ഭീകരാക്രമണങ്ങളുടെ‘ ലക്ഷ്യം ന്യായമായ ആവശ്യങ്ങള്‍ ഒന്നുമല്ല ,മറ്റുപലതുമാണ്.അലെങ്കില്‍ ആക്രമണങ്ങക്കു ശേഷം വരുന്ന സന്ദേശങ്ങളില്‍ അവരുടെ ആവശ്യങ്ങള്‍ /ഡിമാന്‍സ് [ന്യായമായാലും അല്ലെങ്കിലും] കുടി ഉണ്ടാകുമായിരുന്നു.അത്തരത്തില്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.അപ്പോള്‍ ഇന്ത്യയില്‍ അരക്ഷിതാവസ്ഥ സ്രഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം എന്നു വ്യക്തം!വര്‍ഗീയത വളര്‍ന്നു വന്നാല്‍ ആര്‍ക്കാണ് ഇന്ത്യയില്‍ ലാഭം?ആര്‍ക്കാണ് അധികാരം ലഭിക്കുക?ആര്‍ക്കാണ് അതു കൊണ്ട് നേട്ടമുണ്ടാകുക?

  ReplyDelete
 15. താങ്കളുടെ ചിന്തകളുടെ തലം മനസ്സിലായി.
  അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നുത്തരം.
  വീണ്ടും ഒന്നുകൂടി ചോദിച്ചാല്‍, തെറി തന്തക്കുവിളി.
  ശ്രീ ജബ്ബാറിന്റെ മനക്കട്ടിയും തൊലിക്കട്ടിയും എനിക്കില്ലാത്തതിനാല്‍ സുല്ല്!
  ചിന്തകള്‍ തുടരട്ടേ.


  പ്രിയ ബാബുരാജ്
  താങ്കളെ പ്രകോപിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. അരിയെത്രയെന്ന് ചോദിച്ചിട്ട് പയറഞ്ഞാഴി എന്ന് ഇപ്പോൾ പറയുന്നത് താങ്കൾ തന്നെയല്ലേ എന്റെ പ്രിയ സഹോദരാ.

  ആര് ആരെ തെറിവിളിച്ചെന്നും തന്തക്ക് വിളിച്ചെന്നുമാ താങ്കൾ പറയുന്നത്? ഇത് തന്നെയല്ലേ അക്ഷമയും അസഹിഷ്ണുതയും?

  മതങ്ങൾ സ്നേഹവും സമാധാനവും പഠിപ്പിക്കുന്നില്ല എന്ന് താങ്കൾ പറഞ്ഞതിനെ ഖണ്ഡിക്കാൻ ശ്രമിക്കുക മാത്രമാണ് ഞാൻ ചെയ്തത്.

  ReplyDelete
 16. പ്രിയ ചിന്തകന്‌ ശരി ഞാന്‍ തൂക്കമൊപ്പിക്കാന്‍ ശ്രമിച്ചു എന്നു തന്നെ വെക്കുക എന്നാലും ഒരു ഭാഗം മാത്രം കാണുന്നതിലും മെച്ചമല്ലെ അത്‌ അതോ ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് മറ്റുള്ളവരെ തെറി വിളിക്കുന്നവര്‍ മാത്രം പോസ്റ്റിയാല്‍ മതി എന്നാണോ സാധാരണക്കാരായ സമാന്യജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ മാക്കുന്ന ഭീകരന്മാരെ( അതു തങ്കള്‍ ന്യായീകരിക്കുന്നവരും എതിര്‍ക്കുന്നവരും ഉള്‍പ്പെടും) ഒരു ഭാഗാത്തും താങ്കളേ പ്പോലുള്ളവരും മറു ഭാഗത്ത്‌ മറ്റേ ചേരിയിലുള്ളവരും കൂടിയങ്ങോട്ട്‌ ന്യായീകരിച്ച്‌ ന്യായീകരിച്ച്‌ പുണ്യവാളന്മാരാക്കുന്നത്‌ സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്‌ ഹിന്ദുക്കളെല്ലാം ഹിന്ദു തീവ്രവാദികളുടെ ഭീകരതയെ ന്യായീ കരിച്ച്‌ ഒരു ചേരിയിലും മുസ്ലിങ്ങളെല്ലാം അവരുടെ പ്രവൃത്തനത്തെ ( തീവ്ര വാദത്തെ എന്നെഴുതുന്നില്ല അപ്പോള്‍ ചിന്തകന്‌ ദേഷ്യം വരും ഇന്ത്യയില്‍ എവിടെയാണ്‌ തീവ്രവാദം നടന്നിട്ടുള്ളത്‌ എന്നു ചോദ്യം ചെയ്താല്‍ തെളിവന്വേഷിച്ചു നടക്കാനുള്ള സമയവും റിസോര്‍സസുമില്ല ക്ഷമിക്കുക)ന്യായീകരിച്ച്‌ മറുവശത്തും നിന്ന് യുദ്ധം ചെയ്യുന്ന ഒരു ഇന്ത്യയെ അംഗീകരിക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ട്‌. ഇത്‌ മാലഖയും ചെകുത്താനുമായുള്ള യുദ്ധമായി നിങ്ങള്‍ കണ്ടോളൂ പക്ഷെ ഒരു ചേരിയിലുമില്ലാത്ത ഞങ്ങളെ സമ്പത്തിച്ചിടത്തോളം ഇത്‌ ചെകുത്താനും ചെകുത്താനും തമ്മിലുള്ള യുദ്ധ മാണ്‌

  ReplyDelete
 17. പ്രിയ പഥികന്‍,

  താങ്കള്‍ പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം.ഇന്ത്യയില്‍ ഇന്നു നടക്കുന്നത് ചെകുത്താനും ചെകുത്താനും തമ്മിലുള്ള യുദ്ധം തന്നെയാണ്.മനുഷ്യനെ മനുഷ്യനായി കാണുന്ന ചിലര്‍ക്കേ രണ്ട് കൂട്ടരേയും ചെകുത്താന്മാര്‍ എന്നു വിളിക്കാന്‍ പറ്റൂ...താങ്കള്‍ ആ കൂട്ടത്തില്‍ ആണെന്നു കരുതുന്നു...തെറ്റ് ആരു ചെയ്താലും അതു തെളിയണം.അവരെ ശിക്ഷിക്കുകയും വേണം.ഇതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും നിരപരാധികളെ പീഡിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയുന്നു...

  ReplyDelete
 18. പ്രിയ പഥികന്‍
  അക്രമികള്‍ ആര് തന്നെയാ‍യാലും അവരുടെ എതിര്‍ ചേരിയിലാണ് ഞാന്‍. അതില്‍ സംശയമേ വേണ്ട. ഞാന്‍ ഒറീസ്സ കലാപത്തെ ഏതിര്‍ക്കുന്നത് കൃസ്ത്യാനിയാത് കൊണ്ടല്ല. ഗുജറാത്തിനെ എതിര്‍ക്കുന്നത് മുസ്ലീമായതും കൊണ്ടും അല്ല. ദില്ലി സ്ഫോടനത്തെ എതിര്‍ക്കുന്നത് ഹിന്ദുവായത് കൊണ്ടുമല്ല. മറിച്ച് അക്രമിക്കെതിരെ അക്രമിക്കപ്പെട്ടവന്റെ ഭാഗത്താണ് എന്റെ നിലാപാട്. അതില്‍ എന്റെ മത വിശ്വാസം ഒരിക്കലും തടസ്സം നില്‍ക്കുന്നില്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്.

  സ്വയം ഒരു മതത്തിലും പേടുന്നില്ല എന്ന് പറഞ്ഞ് അക്രമിയെയും അക്രമൈക്കപ്പെട്ടവരെയും ഒരേ തുലാസില്‍ തൂക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് അക്രമിയെ സഹായിക്കുക മാത്രമാണ് എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. താങ്കളെ പൊലുള്ളവര്‍ വിചാരിക്കുന്നത് തന്റെ നിലപാടുകാര്‍ക്ക് മാത്രമേ മനുഷ്യത്വമുള്ളൂ. മറ്റെല്ലാവരും ചെകുത്താന്‍ മാരുടെ വര്‍ഗ്ഗത്തിലാണെന്നാണ്. ഈ നിലാപാടല്ലേ സത്യത്തില്‍ തിരുത്തേണ്ടത്. നീതിയുടെ പക്ഷത്തല്ലേ നമ്മള്‍ യഥാര്‍ഥത്തില്‍ നിലയുറപ്പിക്കേണ്ടത്? അതില്‍ എന്റെ പക്ഷവും, മറുപക്ഷവും, താങ്കളുടെ പക്ഷവും ഒന്നും ഇല്ല. നീതിയുടെ പക്ഷം മാത്രം. നീതിയുടെ പക്ഷമാണ് വിജയിക്കേണ്ടത്.

  അപ്പോള്‍ താങ്കള്‍ എന്നെ, ഒരു വിഭാഗത്തെ മാത്രം ന്യായീകരിക്കുന്നവനും മറു വിഭാഗത്തെ എതിര്‍ക്കുന്നവനുമാക്കി മുന്‍‍ വിധിച്ചു കളഞ്ഞു. അതാണ് ഞാന്‍ അക്രമിക്കപ്പെട്ടവന്റെ ഭാഗത്ത് സംസാരിച്ചപ്പോഴേക്കും താങ്കളെന്നെ അവരുടെ മതത്തിന്റെ പക്ഷക്കാരനാക്കിയത്. കാര്യം എളുപ്പം കഴിഞ്ഞു അല്ലേ പ്രിയ പഥികന്‍?


  ആക്രമണ പ്രവര്‍ത്തനങ്ങള്‍ ആര് തന്നെ ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുക എന്നത് ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാറിന്റെ ചുമതലയാണ്. അതില്‍ ഏതെങ്കിലും ഒരു വിഭാഗം ചെയ്തു എന്ന് സംശയിക്കപെടുമ്മ്പോഴേക്കും അവരെ അന്യായമായി വേട്ടയാടുകയും മറുഭാഗത്തെ കുറ്റവാളികള്‍ എല്ലാവിധ തെളിവുകളുണ്ടാ‍യിട്ട് പോലും സ്വൈര്യവിഹാരം നടത്തപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് ഞാന്‍ എതിര്‍ത്തത്. ഒന്നാമത്തെവിഭാഗത്തെയും രണ്ടാമത്തെ വിഭാഗത്തെയും അവര്‍ ചെയ്ത തെറ്റിന്റെ പേരില്‍, അക്രമത്തിന്റെ പേരില്‍ ഒരിക്കലും ഒരു കാരണവശാലും ന്യായീകരിക്കപെടാ‍വതല്ല.

  ഒരു തീവ്രവാദി ജനിക്കുന്നതെങ്ങനെയെന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനായിരുന്നു അജ്ഞാതന്റെ ഈ പോസ്റ്റ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

  എന്റെ അഭ്പ്രായത്തില്‍ ഈ തീവ്രവാദികള്‍ എന്ന് പറയപ്പെടുന്നവരില്‍ പ്രധാനമായും മൂന്ന് തരക്കാരുണ്ട്.

  1- നീതി നിഷേധിക്കപ്പെടുമ്പോള്‍, അക്രമത്തിന് ഇരയാക്കപ്പെടുമ്മ്പോള്‍ അതില്‍ അക്ഷമരായ ആളുകള്‍ അതിനെതിരെ പ്രതിപ്രവര്‍ത്തനം നടത്തുന്നത്.

  2- തന്റെ നിലപാടുകളില്‍ തീവ്രത പുലര്‍ത്തുകയും
  എതിര്‍പക്ഷക്കാര്ന്റെ നിലപാടുകളില്‍ കടുത്ത അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്നവര്‍

  3- മുകളില്‍ പറഞ്ഞ രണ്ടിന്റെയും മറവില്‍ അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയും, (രാഷ്ട്രീയ) മുതലടുപ്പ് നടത്തുകയും ചെയ്യുന്നവര്‍.

  ഇതില്‍ ഏറ്റവും അപകടരമായത് മൂന്നാമത്തേതാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി നിരപരാധികള്‍ ഒരു പാട് ശിക്ഷിക്കപെടുകയും അവരില്‍ നിന്ന് പുതിയതായി തീവ്രവാദികള്‍ ജനിക്കുകയും ചെയ്യും.

  രോഗമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കപെടാത്തോളം രോഗത്തെ ചികിത്സിച്ചത് കൊണ്ട് പ്രയോജനമില്ല. വാചക കസര്‍ത്ത് നടത്തി എല്ലാം മതത്തിന്റെ പേരില്‍ കെട്ടിവെച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി കാലം കഴിച്ചാല്‍ ഈ കന്‍സര്‍ മുഴുവന്‍ സെല്ലുകളെയും ബാധിക്കുകയും രോഗി മരിക്കുകയും ചെയ്യും. ചിലരെങ്കിലും ധരിക്കുന്നത് നീരിശ്വര മതം എന്നാല്‍ ഈശ്വര മതങ്ങളെ പരിഹസിക്കാനും, ആക്ഷേപിക്കനും, തെറിപറിയാനുമുള്ള ലൈസന്‍സ് അവര്‍ക്ക് ആരോ പതിച്ച് നല്‍കിയത് പോലെയാണ്. ബൂലോകത്തില്‍ തന്നെ ഇത്തരം പരിഹാസാട്ടഹാസങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. ഒരു പക്ഷേ തങ്ങള്‍ എല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് മിഥ്യാ ബോധമാണ് അന്യരോടുള്ള പുച്ഛ മനോഭാവത്തിന് ഇവരെ പ്രേരിപ്പിക്കുന്നത്. സംഘര്‍ഷം കൂട്ടാനല്ലാതെ കുറക്കാന്‍ ഇതുപകരിക്കുമെന്ന് തോന്നുന്നില്ല.

  നിങ്ങളെല്ലാവരും എന്റെ ആദര്‍ശ നിലപാടുകാരവലാണ് പ്രശ്നത്തിന് പരിഹാരം എന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ്. ഞാനും താങ്കളും അവരവരുടെ ആദര്‍ശ നിലാപാടുകളില്‍ മുറുകെ പിടിക്കെ തന്നെ അന്യന്റെ ആദര്‍ശ നിലപാടുകളോട് സഹിഷ്ണുത പുലര്‍ത്തുകയും യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി ഒന്നിച്ച് പ്രവര്‍ത്തിക്കലുമാണ് പരിഹാരം. സമാധാനന്തരീക്ഷത്തില്‍ മാത്രമേ ആരോഗ്യകരമായ സംവാദങ്ങള്‍ പോലും വിജയിക്കുകയുള്ളൂ. അല്ലാത്ത പക്ഷം സംവാദങ്ങള്‍ വാദ പ്രതിവാതങ്ങള്‍ക്ക് വഴിമാറുകയും അത് സംഘര്‍ഷത്തിലേക്ക് നയിക്കപെടുകയും ചെയ്യും. ആരോഗ്യമായ സംവാദങ്ങള്‍ നടക്കുമ്പോള്‍ അന്യന്റെ ആദര്‍ശ നിലപാടുകളില്‍ ശരിയെന്ന് തോന്നുന്നത് സ്വീകരിക്കാനുള്ള ഒരു മനസ്സ് എന്നില്‍ രൂപപ്പെടും. വാദ പ്രതിവാദത്തില്‍ എന്റെ നിലപാടുകള്‍ തെറ്റാണെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടലും എന്റെ ഭാഗം വിജയിപ്പിച്ചെടുക്കേണ്ട അവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചേക്കാം.

  പ്രിയ പഥികന്‍ നമുക്ക് യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിച്ചു കൂടെ. സമൂഹത്തിന്റെ മൊത്തം പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നതില്‍ എന്റ്യും നിങ്ങളുടെയും നിലപാ‍ടുകളെ നമുക്ക് കൂട്ടിമുട്ടിച്ച് എതിര്‍ നിലപാടുകളെ, എന്റെയും താങ്കളുടെയും നിലപാടു വടികളുടെ യോജിപ്പിന്റെ ഭാഗം ചേര്‍ത്ത് കെട്ടിയതിന് ശേഷം, സഹിഷ്ണുതയോടേ, വടിയുടെ മറ്റേ അറ്റത്തേക്ക് മാറ്റി നിര്‍ത്താന്‍ പറ്റില്ലേ?

  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.