Sunday, August 24

ബൂലോകര്‍ വിചാരിച്ചാല്‍ വല്ലതും ചെയ്യാന്‍ കഴിയുമോ?

പ്രിയ ബൂലോക സുഹ്രത്തുകളെ,

എന്റെ മറ്റൊരു ബ്ലോഗില്‍ നടുറോഡില്‍ സത്യ പ്രതിജ്ഞ എന്നു പറഞ്ഞൊരു പോസ്റ്റ് ഇട്ടിരുന്നു.കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം.ഏറ്റവും തിരക്കേറിയ സമയത്ത് എടപ്പാളില്‍ റോഡ് ഉപരോധിച്ചു നടന്ന ആ തെമ്മാടിതരത്തിനു ആകെ ഉണ്ടായത് നോക്കുകുത്തിയായി ഒരു ട്രാഫിക്ക് പോലീസ് മാത്രം..10 മിനിറ്റോളം നീണ്ടു നിന്ന ഈ സംഭവത്തില്‍ കുടുങ്ങിപോയത് 100 കണക്കിന് വാഹനങ്ങള്‍ ആ‍യിരുന്നു. എന്റെ സുഹ്രത്ത് അനില്@ബ്ലോഗ് പറഞ്ഞു ആ സംഭവത്തിനു ശേഷവും ഇതിനോട് സമാനമായ ഒരു റോഡ് ബ്ലോക്ക് ഷോ മറ്റൊരു സംഘടയുടെ വക ഉണ്ടായിരുന്നെന്ന്.അതിനു ശേഷം ഇന്നലെ വീണ്ടും ഉണ്ടായി ഇതു പോലെ ഒരു റോഡ് ബ്ലോക്ക് ഷോ.ആദ്യത്തെ രണ്ട് തവണ രാഷ്ട്രീയ പാര്‍ട്ടികളുടെ വക ആയിരുന്നെങ്കില് ഇതു  ശ്രീക്രഷണ ജയന്തിക്കായിരുന്നു.ആദ്യത്തെ പരുപാടികള്‍ക്കു വ്യത്യസ്തമായി ധാരാളം പോലീസ്കാരും ഉണ്ടായിരുന്നു.രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു ജനത്തിന്റെ 10 മിനിറ്റ് സമയം ആണെടുത്തതെങ്കില്‍ ശ്രീക്രഷണ ജയന്തിക്കുണ്ടായ ജാഥ ഉണ്ടാക്കിയ ഗതാഗത കുരുക്ക് മണിക്കുറുകളോളമായിരുന്നു.ഗതാഗത കുരുക്കില്‍ പെട്ടു സഹിക്കെട്ടു വണ്ടി മുന്നോട്ടെടുത്ത പലരോടും പോലീസിന്റെ മുന്നില്‍ വച്ച തന്നെ ജാഥ നയിച്ചിരുന്നവര്‍ തട്ടിക്കയറുന്നത് കാണാമായിരുന്നു.വെറും ഒരാഴ്ച്ച കൊണ്ട് എടപ്പാള്‍ ടൌണില്‍ മാത്രം മൂന്നു സംഘടകള്‍ളുടെ മൂന്നു പ്രകടനങ്ങള്‍!

അമേരിക്കന്‍ അധിനിവേശത്തിനു കേരളത്തില്‍ ജനങ്ങളുടെ ജീവിതം ദ്രോഹിച്ചു പ്രതിഷേധ പ്രകടനം-സദാമിനെ തൂക്കി കൊന്നതിനും പ്രതിഷേധ പ്രകടനം-ഏതെങ്കിലും രാഷ്ട്രീയ ഗുണ്ട വെട്ടേറ്റു മരിച്ചാല്‍ അതിനും പ്രതിഷേധ പ്രകടനം-കോളേജില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി വിജയിച്ചാല്‍ ആഹ്ളാദ പ്രകടനം-ബസ്-ഒട്ടോ-ടാക്സി തൊഴിലാളികളുടെ വക പ്രകടനങ്ങള്‍-നബി ദിനത്തിനും ശ്രീക്രഷണ ജയന്തിക്കും പ്രകടങ്ങള്‍.ചുരുക്കി പറഞ്ഞാല്‍ പത്തു ബുദ്ധിയില്ലാത്ത
കഴുതകളും അതിനെ നയിക്കാന്‍ ഒരു നേതാവും ഉണ്ടെങ്കില്‍ ആര്‍ക്കും പൊതു ജനത്തിനു അവകാശപെട്ട റോഡ് കൈയേറാം.ആ ഗതാഗത കുരുക്കില് പെട്ടു ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടപെട്ടാല്‍ അമേരിക്കയെ കുറ്റം പറഞ്ഞു തടിയൂരാം!!

ഞാന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടത് എന്റെ പ്രതിഷേധം അറിയിക്കാനോ വെറുതെ കമന്റുകള്‍ കിട്ടാനോ അല്ല.മറിച്ചു ബൂലോകത്തെ മലയാളി കൂട്ടായ്മ വിചാരിച്ചാല്‍ ഇതിനെതിരെ ഒരു ചെറു വിരലെങ്കിലും അനക്കാന്‍ കഴിയുമോ എന്നറിയാനാണ്.പലര്‍ക്കും ഇത്തരം സമര പ്രകടനങ്ങളിലൂടെ നഷ്ടപ്പെടുന്നത് വെറും 10 മിനിറ്റാണ്.പ്രകടനം നടത്തുന്ന പാര്‍ട്ടികളെ മനസ്സു കൊണ്ട് ശപിച്ച വണ്ടിയി തന്നെ ഇരിക്കാറാണ് നമ്മള്‍ ഭൂരിപാകവും.പക്ഷെ ഒന്നാലോചിക്കുക-ഏതെങ്കിലും ഒരപകടത്തില്‍ പെട്ടു പരിക്കേറ്റ നമ്മുടെ ഒരു ബന്ധുവിനെ കൊണ്ടു ആശുപത്രിയില്‍ പോകുന്നവഴിക്കാണ് ഇത്തരം ഒരു പ്രകടനത്തില്‍ പെടുന്നതെങ്കില്‍?എന്താവും നമ്മുടെ അവസ്ഥ

16 comments:

  1. ഞാന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടത് എന്റെ പ്രതിഷേധം അറിയിക്കാനോ വെറുതെ കമന്റുകള്‍ കിട്ടാനോ അല്ല.മറിച്ചു ബൂലോകത്തെ മലയാളി കൂട്ടായ്മ വിചാരിച്ചാല്‍ ഇതിനെതിരെ ഒരു ചെറു വിരലെങ്കിലും അനക്കാന്‍ കഴിയുമോ എന്നറിയാനാണ്.

    ReplyDelete
  2. ഇതിനെക്കുറിച്ച് വളരെ മുന്‍പെ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു മാഷെ. പെരുന്നാളുകളും ഉത്സവങ്ങളും കാരണം വഴിയിലാവുന്ന യാത്രക്കാരെക്കുറിച്ച്.
    ഇതിനൊന്നും എതിരെ പ്രതികരിക്കാന്‍ ആരുമില്ലെന്നെ

    http://sarijans.blogspot.com/2008/05/blog-post_12.html

    ReplyDelete
  3. പെരുന്നാളുകളും ഉത്സവങ്ങളും കാരണം വഴിയിലാവുന്ന യാത്രക്കാരെക്കുറിച്ച്.
    ഇതിനൊന്നും എതിരെ പ്രതികരിക്കാന്‍ ആരുമില്ലെന്നെ

    ReplyDelete
  4. ഈ ബൂലോകത്ത് ഇതിനൊന്നും ആരും മിനക്കെടുമെന്ന് തോന്നുന്നില്ല....

    കമന്റായി വെറുതെ പ്രതികരിക്കാന്‍ ഒരുപാട് പേരെ കിട്ടും....

    ReplyDelete
  5. പ്രിയ അജ്ഞാതന്‍,
    ഈ നാടു നന്നാവുമെന്നു താങ്കള്‍ കരുതുന്നുണ്ടൊ?

    തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക്ക് തടസം വരുത്താത്ത രീതിയില്‍ മാത്രമേ പ്രകടനം നടത്താവൂ എന്നു വിധിവന്നിട്ടെന്തായി? ആരെങ്കിലും മോശക്കാരുണ്ടൊ?

    ഹര്‍ത്താല്‍ നിരോധിക്കണമെന്നു ആവശ്യപ്പെട്ടു സത്യാഗ്രഹമിരുന്ന പാര്‍ട്ടിക്കാര്‍ വക ഹര്‍ത്തലുകള്‍ നമ്മള്‍ എത്ര കണ്ടു!

    ഒരു ഹര്‍ത്താലിനും ഇനിമേല്‍ കടകള്‍ അടക്കില്ല എന്നു പ്രഖ്യാപിച്ചു നസറുദ്ദീന്‍ സാഹിബ് കയ്യടി നേടി. അധികം താമസ്സിയാതെ ദേകിടക്കുന്നു മൂന്നു ദിവസം അമ്പൂര്‍ണ്ണ കടയടപ്പെ വ്യാപാരിവ്യവസായ ഏകോപന സമിതി വക.

    പാലക്കാട് ജോലിചെയ്തിരുന്ന സമയത്തു രണ്ടു തവണ ബൈക്കില്‍ നിന്നും മൂക്കും കുത്തി താഴെ വീണു. അവിടെ വൈക്കോല്‍ ഉണക്കുനതു റോഡില്‍ പരത്തിയിട്ടാണു. കുഴിയുള്ള ഭാഗങ്ങളെങ്കിലും ഒഴിവാക്കാം. ചെയ്യുന്നൊ?

    അതൊക്കെ അങ്ങിനെ കിടക്കും. നമുക്കു മേയാനുള്ള സ്ഥലമാണു റോഡ്. പാവം പോലീസിനെതു ചെയ്യാന്‍ പറ്റും. വയറ്റിപ്പിഴപ്പല്ലെ.

    ReplyDelete
  6. ശിവയുടെ അഭിപ്രായം തന്നെ എനിക്കും

    ReplyDelete
  7. പ്രിയ സുഹ്രത്തുകളെ,

    മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കേരളത്തിനെന്താ കൊമ്പുണ്ടോ?ആദ്യം മാറ്റേണ്ടതു നമ്മുടെ ചിന്താഗതിയാണ്.ഹര്‍ത്താലുകള്‍ക്കും ഇത്തരം ചെറ്റത്തരങ്ങള്‍കക്കും എതിരെ പൊതു സമൂഹം എന്ന നമ്മള്‍ കണ്ണടച്ചു പിടിക്കുകയാണെങ്കില്‍ കോടതി പറഞ്ഞ പോലെ ദൈവത്തിനു പോലും കേരളത്തെ രക്ഷിക്കാന്‍ ആവില്ല.

    മറ്റു മാധ്യമങ്ങളെ അപേക്ഷിച്ചു ബ്ലോഗ് തരുന്ന സ്വാതന്ത്രം നമ്മുടെ ആശയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയുക എന്നതാണ്.ഹര്‍ത്താലിനെ എതിര്‍ക്കാന്‍ ഹര്‍ത്താല്‍ നടത്തുന്ന ബുദ്ധിയില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരെ പോലെയല്ല മലയാളി ബ്ലോഗ്ഗേര്‍സ്സ്.കൂട്ടമായി ചിന്തിച്ചു ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നു നോക്കുന്നതിനു മുന്‍പ്പു തന്നെ നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നു വിധി എഴുതുകയാണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല

    ReplyDelete
  8. അജ്ഞാതന്‍‌ജീ..

    ഈ ആള്‍ക്കൂട്ടത്തില്‍ ഞാനില്ലെ നിങ്ങളില്ലെ..പിന്നെയെന്തിന് ആത്മരോഷം കൊള്ളുന്നു..?

    ഇപ്പോ മാഷ് പറഞ്ഞില്ലെ ബൂലോഗത്തിനാല്‍ ഒരു ചെറുവിരല്‍ അനക്കാന്‍ സാധിച്ചാല്‍ അത്രയുമായെന്ന്. ഇനിയിപ്പൊ മാഷ് പറഞ്ഞതുമാതിരി ഈ ബ്ലോഗേര്‍സ് എല്ലാവരും ഒത്തുചേര്‍ന്നുവെന്നിരിക്കട്ടെ, അവിടെ ഇതുപോലെയുള്ള റോഡ് ഉപരോധിക്കുന്നതിനെതിരെ എല്ലാവരും ചേര്‍ന്ന് എതിരിടാന്‍ തീരുമാനിക്കുന്നു. എന്നിട്ട് എന്തുചെയ്യും, അവസാന ഘട്ടത്തില്‍ എല്ലാവരുംകൂടി നിയമസഭയുടെ മുമ്പിലേക്ക് ജാഥയായി പോകും പ്രതിഷേധമറിയിക്കാന്‍. അപ്പോഴും മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗതടസ്സം..! എന്റെ മാഷെ, ഇതുവരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലെന്ന് ഭായിക്കു പറയാമൊ..? ഈ റോഡ് ഉപരോധിക്കുന്നവരില്‍ എല്ലാ വിഭാഗങ്ങളും ഉണ്ടാകില്ലെ ? അവരില്‍ നമ്മളുടെ മുഖമില്ലെന്ന് പറയാന്‍ പറ്റുമൊ? പറഞ്ഞുവന്നത് ഇതൊക്കെ പല്ലുകടിച്ച് കണ്ടിരിക്കുക അനുഭവിക്കുക ആസ്വദിക്കുക..!

    ഇപ്പോള്‍ ഏതു സമരത്തിന്റെയും പ്രതിഷേധത്തിന്റെയും പിന്നിലുള്ള പ്രധാന ലക്‍ഷ്യം തങ്ങളുടെ സംഘടനാ ശക്തി കാണിക്കുകയെന്നതുതന്നെയാണ്. അല്ലാതെ ആ സമരംകൊണ്ടു എന്തു നേട്ടമാണൊ കോട്ടമാണൊ ഉണ്ടായതെന്നൊ ഇതെന്തിനു വേണ്ടി ചെയ്യുന്നതെന്നൊ ആരും മെനക്കെടാറില്ല. ഇത്തരം ശക്തികളില്‍ നിന്നു വേറിട്ടു നിന്നാലൊ ഒറ്റപ്പെടുത്തും വേദനിപ്പിക്കും. അതുകൊണ്ട് ഞങ്ങളെ തൊട്ടുകളിച്ചാല്‍.....അത്രതന്നെ...

    ReplyDelete
  9. പ്രിയ കുഞ്ഞന്‍ ഭായി,

    ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തകന്‍ അല്ല.ഒരു മതവര്‍ഗീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ല.കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.അതും കോളേജിനുള്ളില്‍....

    പിന്നെ ആത്മ രോഷം കൊള്ളുന്നതിനെ പറ്റി-കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ഒരോ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തു പോയപ്പോള്‍ മൂന്നു വട്ടമാണ് ഇത്തരം ഗതാഗത കുരുക്കില്‍ പെട്ടത്.ചുരുങ്ങിയ പക്ഷം ഞാന്‍ ആത്മരോഷമെങ്കിലും കൊള്ളേണ്ടേ?അതിനുള്ള അവകാശം പോലും ഇല്ലെന്നാണോ?

    പിന്നെ ഞാന്‍ ഉദ്ദേശിച്ചത് ബൂലോകര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പോലെ മുദ്രാവാക്യങ്ങള്‍ മുഴക്കി മാര്‍ച്ചു നടത്താന്‍ അല്ല.മറിച്ച് നിയമ പരമായി വല്ലതും മലയാളി ബ്ലോഗ്ഗേര്‍സ്സ് കൂട്ടായ്മ വിചാരിച്ചാല്‍ ചെയ്യാന്‍ പറ്റുമോ എന്നാണ്

    ReplyDelete
  10. പാലക്കാട് വശത്തേയ്ക്കൊക്കെ പോകുമ്പോൾ മറ്റൊരതിക്രമം കണ്ടിട്ടുണ്ട്.ഇതുപോലെ വണ്ടിനിർത്തിയിടേണ്ടിവരുന്നസമയത്തു,
    ഒരു കഷ്ണം രശീതി മുഖത്തേയ്ക്കെറിഞ്ഞിട്ട്,‘സംഭാവന’
    യെന്നപേരിലൊരുതുകയങ്ങോട്ട് പിടിച്ച് വാങ്ങും-
    ഉത്സവപ്പിരിവ്!എതിർക്കാം,കൊടുക്കാതിരിയ്ക്കാം-പക്ഷെ,അന്നവിടെ,
    വണ്ടിയിൽക്കിടന്നുറങ്ങേണ്ടിവരും.
    ഒരു സംഘമാളുകൾ കയ്യൂക്ക്കാണിച്ച് ഒരു വ്യക്തിയേ വിരട്ടി തോന്നിവാസങ്ങൾ നടപ്പിലാക്കുന്നത് ‘ചൂഷണ’ത്തിന്റെ പരിധിയില് പെടില്ലേ?

    ReplyDelete
  11. സ്വതന്ത്രമായി ആശയപ്രകടനം നടത്താന്‍ ലഭിച്ച സ്ഥലം ബ്ലോഗ്.അതില്‍ ആശയയുദ്ധങ്ങളാവാം വിര്‍ച്വല്‍ വേള്‍ഡിനപ്പുറത്തേയ്ക്ക് അതിന്റെ കരങ്ങള്‍ നീളണമെന്നാഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാവാം. പക്ഷേ സമ്പൂര്‍ണ്ണ സാമൂഹ്യ പുനരുദ്ധാരണം ബ്ലോഗിലൂടെ എന്നൊക്കെയൊരാശയം ചുമ്മാ മുന്നോട്ടുവയ്ക്കാം എന്നല്ലാതെ ഒരു ചുക്കും നടക്കില്ല. താങ്കളുടെ വാക്കുകള്‍ മറ്റൊരാള്‍ക്ക് മനസ്സിലാക്കാനും അതുവഴി അയാളുടെ ചിന്തയില്‍ ഒരു മാറ്റം വരുത്താനും കഴിയുന്നെങ്കില്‍ അതിലും വലിയ വിപ്ലവം എത്ര വലിയ കൂട്ടായ്മയ്ക്കും ഉണ്ടാക്കുവാനും സാധ്യമല്ല.

    ReplyDelete
  12. എനിക്കും ഉണ്ടായിട്ടുണ്ട് ഇത്തരം അനുഭവങ്ങള്‍. തോന്നിവാസം എന്നാണിതിനെ വിളിക്കേണ്ടത്. പ്രകടനം മതത്തിന്‍റെ പേരു പറഞ്ഞാണെങ്കില്‍ പറയുകയും വേണ്ട. വീര്യം കൂടും. നാണമില്ലേ ഇവനൊക്കെ ദൈവത്തിന്‍റെ പേരു പറഞ്ഞു കൂടി ജനദ്രോഹം ചെയ്യാന്‍? ജനജീവിതം ദുഃസ്സഹമാക്കുന്നത്‌, അത് ഏതു മതത്തിന്‍റെ പേരു പറഞ്ഞാണെങ്കിലും അത് ദേശദ്രോഹം കൂടിയാണ്.

    തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും, പള്ളികളിലും എന്തെങ്കിലും ആഘോഷങ്ങള്‍ വന്നാല്‍ കുറേ ദിവസത്തേക്ക് കിലോമീറ്ററുകളോളം ഉള്ളവര്‍ക്ക് പാതിരാത്രിയയാലും കിടന്നുറങ്ങണ്ട. വൃത്തികെട്ട സിനിമാപ്പാട്ടുകളാണ്‌ 24 മണീക്കൂറും ദൈവങ്ങളുടെ ‘സാന്നിദ്ധ്യം’ വിളിച്ചറിയിക്കുന്നത്‌. ഭക്തിഗാനം പോലുമല്ല. കേരളത്തിലും സ്ഥിതി അതായിക്കൊണ്ടിരിക്കുകയാണ്.

    വെടി വയ്ക്കലാണ് മറ്റൊരു പരിപാടി. വെടിമരുന്നുണ്ടാക്കുന്ന TNT എന്ന രാസവസ്തു കണ്ടുപിടിക്കുന്നതിനു മുന്‍പേ ഉണ്ടായിരുന്നതാണല്ലോ ക്ഷേത്രങ്ങള്‍. അതു വരെ നിലവിലില്ലായിരുന്ന വെടിവയ്പ്പ് ക്ഷേത്രത്തിന്‍റെയും പൂജയുടെയും ഭാഗമായതെങ്ങനെയെന്നു മനസ്സിലാകുന്നില്ല. അറിവുള്ളവര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരാനപേക്ഷ.
    ഇവര്‍ക്കൊന്നും ആറ്റം ബോംബ് ഉണ്ടാക്കാന്‍ കഴിയാത്തത്‌ ഭാഗ്യം. അല്ലാരുന്നെങ്കില്‍ അതു പൊട്ടിച്ചായേനേ ആഘോഷം.

    ReplyDelete
  13. പ്രിയ കാവലാന്‍,

    ബ്ലോഗില്‍ വന്നു കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു എങ്കിലും ഒരു കാര്യം മനസിലായിട്ടുണ്ട്.ഏതൊരു വിഷയത്തെ കുറിച്ചാണെങ്കിലും ബ്ലോഗിലെ ആശയ സംഘട്ടനങ്ങള്‍ ഒരിക്കലും ഒരു ഒത്തു തീര്‍പ്പിലെത്തിയിട്ടില്ല.”ഞാന്‍ പറഞ്ഞതും മനസ്സിലാക്കിയതും മാത്രം ശരി” എന്ന നിലപാടില്‍ നിന്നും ആരും മാറിയതായും കണ്ടില്ല.വെറുതെ തര്‍ക്കിച്ചു കമന്റുകള്‍ ഇട്ടു സമയം കളയുക എന്നാല്ലാതെ ഏതു കാര്യത്തില്ലാണ് ഇവിടെ ഒരൊത്തു തീ‍ര്‍പ്പില്ലെത്തിയിട്ടുള്ളത്?

    ആശയ സംഘട്ടനങ്ങള്‍ വഴി ഒരാളുടെ [ബ്ലോഗിലെ] ചിന്താ മണ്ഡലത്തെസ്വാധീ‍നിക്കാന്‍ കഴിയും എന്നൊന്നും ഞാന്‍ കരുതുന്നില്ല.അതിന്റെ അടിസ്ഥാന കാരണം പലര്‍ക്കും അവര്‍ക്കറിവുള്ളത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമാണ് താത്പര്യം.തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ മനസ്സില്ലാക്കാനോ അതു തിരുത്തുവാനോ ആരും തയാറല്ല.

    ഞാന്‍ ഇവിടെ അവതരിപ്പിച്ച പ്രശനങ്ങള്‍ നമ്മുടെ പൊതു പ്രശ്നങ്ങളാണ്.ഇതിനെതിരെ നമ്മള്‍ക്കു ഒന്നിച്ചെന്തെങ്കിലും ചെയുന്നതിനെ പറ്റി അറ്റ്ലീസ്റ്റ് ഒന്നാലോച്ചിച്ചു കൂടെ?സമരമോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്,നിയമപരമായി വല്ലതും പറ്റുമോ എന്നാണ്

    ReplyDelete
  14. ഒരു പത്തു മുപ്പത് പേരും മുദ്രവാക്ക്യം ചൊല്ലികൊടുക്കാന്‍ ഒരു ലോക്കല്‍ നേതാവും ഉണ്ടെങ്കില്‍ ഏതു ഈര്‍ക്കിലി പാര്‍ട്ടിക്കും റോഡില്‍ കയറി നിരങ്ങാം...അതിന്റെ എത്രയോ ഇരട്ടി ആളുകളുള്ള മലയാളി ബ്ലോഗ്ഗേര്‍സ്സ് വിച്ചാരിച്ചാല്‍ അവര്‍ക്കെതിരെ നിയമപരമായി ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലെന്നൊ??കഷ്ടം

    ഇതിനുമുന്‍പ്പു സാഹിത്യമോഷണവും മറ്റും വന്നപോള്‍ നിയമോപദേശം നല്‍കാനും മറ്റും ധാരാളം പേര്‍ ഉണ്ടായിരുന്നല്ലോ...അവരെല്ലാം വക്കീല്‍ പണി നിറുത്തിയോ?

    പൊതു സമൂഹത്തിനു മൊത്തം ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം സംസാരിക്കാന്‍ മാത്രം ആര്‍ക്കും താത്പര്യം ഇല്ല....

    കേരളത്തിലെ ജനങ്ങള്‍ സ്വയം നന്നാവണമെന്നു ചിന്തിക്കാത്തിടത്തോളം കേരളത്തെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ല[കടപ്പാട്:കോടതി]

    ReplyDelete
  15. പ്രിയപ്പെട്ട അജ്ഞാതാ, താങ്കളോട് യോജിക്കുന്നു. പക്ഷേ പൂച്ചയ്ക്ക് ആരുമണികെട്ടും? ആരെങ്കിലും തയ്യാറായി മുന്നോട്ടുവന്നാൽ ഞാനും കൂടെയുണ്ടാകും എന്ന് ഉറപ്പ്. അതുമാത്രമേ എനിക്ക് പറയാൻൻ കഴിയൂ.

    ReplyDelete
  16. കേരളത്തിലെ ജനങ്ങള്‍ സ്വയം നന്നാവണമെന്നു ചിന്തിക്കാത്തിടത്തോളം കേരളത്തെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ല[കടപ്പാട്:കോടതി]

    ഇതു തന്നെ ഉത്തരം.

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.